കാസർകോട്: വ്യാപാരിയും, സാഹിത്യ, കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മുദിയക്കാല്‍ കുതിരക്കോട്ടെ പ്രതിഭാ രാജന്‍ (65) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈകിട്ടു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.നിര്‍ധന കുടുംബത്തില്‍ പിറന്ന രാജന്‍ കഠിന പ്രയത്‌നത്തിലൂടെയാണ് വിവിധ മേഖലകളില്‍ വിജയക്കൊടി നാട്ടിയത്. വയര്‍ കസേര മെടയുന്ന തൊഴിലിലായിരുന്നു ആദ്യം ഏർപ്പെട്ടത്. പിന്നീടുള്ള രാജന്റെ യാത്ര വിജയത്തിന്റേതായിരുന്നു.പാലക്കുന്നില്‍ പ്രതിഭ എന്ന പേരില്‍ വിവിധ സ്ഥാപനങ്ങള്‍ ആരംഭിച്ചു.സ്വകാര്യ ധനകാര്യ സ്ഥാപനവും തുടങ്ങി. ഈ സ്ഥാപനത്തിന്റെ തകര്‍ച്ചയോടെ രാജന്‍ കലാ സാംസ്കാരിക മേഖലകളിലേക്ക് തിരിയുകയായിരുന്നു. നാട്ടിലെ കലാസാംസ്‌ക്കാരിക പരിപാടികളിലെല്ലാം നിറസാന്നിധ്യമായിരുന്ന പ്രതിഭാ രാജന്‍. സിപിഎം പ്രവര്‍ത്തകന്‍, പാലക്കുന്ന് ഭഗവതി ക്ഷേത്ര പ്രാദേശിക സമിതി ഭാരവാഹി, വയനാട്ടുകുലവന്‍ തെയ്യം കെട്ടു മഹോത്സവ ഭാരവാഹി, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ കണ്ണന്‍- അമ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി(ആര്‍ക്കിടെക്‌ട്). മക്കള്‍: അഭിലാഷ്, വിനീത്, ശിബി. സഹോദരങ്ങള്‍: കമലാക്ഷി, ശോഭ.