കാസർകോട്: പ്രശസ്ത ചിത്രകാരൻ കെ.പി വത്സരാജ് (58) അന്തരിച്ചു. അസുഖത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആധുനിക ചിത്രകാരന്മാരിൽ രാജ്യത്ത് തന്നെ അറിയപ്പെടുന്നയാളാണ് കാസർകോട് കാനത്തൂർ സ്വദേശിയായ കെ.പി വത്സരാജ് . ബറോഡ സർവകലാശാലയിലെ ഫാക്കൽറ്റി ഒഫ് ഫൈൻ ആർട്സിൽ നിന്നു ഡിസ്റ്റിംഗ്ഷനോടെ ബി.എഫ് എ ബിരുദം നേടി. തുടർന്നു വിശ്വഭാരതി സർവ്വകലാശാലയിലെ കലാദവനിൽനിന്നു മാസ്റ്റർ ബിരുദധാരിയായി. ആധുനികചിത്രകലാരംഗത്ത് ശ്രദ്ധേയനായ വത്സരാജ് നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. മാഹി മലയാള കലാഗ്രാമം മുൻ പ്രിൻസിപ്പലായിരുന്നു. നിലവിൽ ചെന്നൈയിൽ ചിത്രകലാ അധ്യാപകനായി പ്രവർത്തിക്കുകയായിരുന്നു.ചിത്രകാരനായിരുന്ന സി.കെ നായരുടേയും കെ.പി. ശാരദ അമ്മയുടേയും മകനാണ്. ഭാര്യ സിന്ധു. മക്കൾ അശ്വതി, ആതിര, ചിത്രകാരനായ കെ.പി. ജ്യോതി ചന്ദ്രൻ. മാധ്യമ പ്രവർത്തകൻ പ്രശാന്ത് കാനത്തൂർ, ലേഖ എന്നിവർ സഹോദരങ്ങളാണ്. കാനത്തൂരിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടക്കും.