വെള്ളവയറന്‍ കടല്‍ പരുന്തു കുടുംബത്തിന് കൂടു നഷ്ടമാകില്ല; നൂറു വര്‍ഷം പഴക്കമുള്ള പാലമരത്തിനു പക്ഷി സ്നേഹികളുടെ സംരക്ഷണ വലയം

കാസര്‍കോട്: വംശനാശ ഭീഷണി നേരിടുന്ന വെള്ളവയറന്‍ കടല്‍പരുന്തിന്റെ കൂടു കിടക്കുന്ന നൂറു വര്‍ഷം പഴക്കമുള്ള പാലമരത്തിനു പക്ഷി സ്നേഹികളുടെ സംരക്ഷണ വലയം. കോടാലിയില്‍ നിന്നു രക്ഷപ്പെട്ട മരത്തിനു സമീപത്തെ വീട്ടുകാര്‍ക്കു തുണയുമായി ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റിയുടെ(ബി എം സി)യുടെ കരുതല്‍. കുമ്പള ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിനു മുന്നിലുള്ള നൂറു വര്‍ഷം പഴക്കമുള്ള കൂറ്റന്‍ പാലമരമാണ് വെള്ളവയറന്‍ പരുന്തുകളുടെ ആവാസ കേന്ദ്രം. ഈ മരം മുറിച്ചു മാറ്റാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പ് ട്രീ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. എന്നാല്‍ വംശനാശ ഭീഷണിയിലുള്ള വെള്ളവയറന്‍ കടല്‍ പരുന്തിന്റെ ആവാസ കേന്ദ്രമായ മരം മുറിക്കുന്നതിനെതിരെ പക്ഷി നിരീക്ഷകനും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ പ്രണവ് ആണ് ആദ്യമായി രംഗത്ത് വന്നിരുന്നു. അതോടെ മുറിച്ചു നീക്കാനുള്ള തീരുമാനം നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോയി. എന്നാല്‍ കടല്‍ പരുന്തുകള്‍ പരിസര വാസികള്‍ക്കു ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയായിരുന്നില്ല. കടല്‍പാമ്പുകള്‍ അടക്കമുള്ളവയുടെ അവശിഷ്ടങ്ങള്‍ സമീപത്തെ കിണറുകളില്‍ ഇടുന്നതായിരുന്നു പരിസരവാസികള്‍ നേരിട്ട പ്രശ്നം.
ഇതു പരിഹരിക്കുന്നതിന് വെള്ളിയാഴ്ച ആരിക്കാടിയില്‍ നാട്ടുകാരുടെ യോഗം ചേര്‍ന്നു. മരവും പക്ഷികളെയും സംരക്ഷിക്കണമെന്നും ഒപ്പം തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുമായിരുന്നു പരിസരവാസികളുടെ ആവശ്യം. ഇത് ബി എം സി അംഗീകരിച്ചു. കിണറുകള്‍ക്കു മുകളില്‍ സുരക്ഷിതമായ രീതിയില്‍ വലകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ഇതോടെയാണ് പാലമരത്തിനും അതില്‍ കൂടുവച്ചിരിക്കുന്ന വെള്ളവയറന്‍ കടല്‍ പരുന്തു കുടുംബത്തിനും രക്ഷയായത്. യോഗത്തില്‍ സംസ്ഥാന ബയോഡൈവോസിറ്റി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്റ്ററി) ധനേഷ് കുമാര്‍, പക്ഷി നിരീക്ഷകനായ രാജു കിദൂര്‍, വാര്‍ഡ് മെമ്പര്‍ അന്‍വര്‍ ഹുസൈന്‍, നാട്ടുകാര്‍ പങ്കെടുത്തു.

വെള്ളവയറന്‍ കടല്‍ പരുന്ത്
വംശനാശ ഭീഷണിയിലുള്ള പക്ഷിയാണ് വെള്ളവയറന്‍ കടല്‍ പരുന്ത്. മഞ്ചേശ്വരം മുതല്‍ കോഴിക്കോട് വരെ ഇവയുടെ 28 കുടുംബങ്ങളാണ് നിലവില്‍ ഉള്ളതെന്നാണ് കണക്ക്. കുമ്പളയില്‍ മൂന്നും മഞ്ചേശ്വരം, ബേക്കല്‍, പള്ളിക്കര ബീച്ച് എന്നിവിടങ്ങളിലായി മൂന്നു കുടുംബങ്ങളുമാണ് ഈ പക്ഷികള്‍ക്കുള്ളത്.
കൂറ്റന്‍ മരങ്ങളിലാണ് ഇവയുടെ ആവാസ കേന്ദ്രം. ഒരു മരത്തില്‍ ഒരു കൂടു മാത്രമേ കാണു. ഒരു തവണ കൂടു നിര്‍മ്മിച്ചാല്‍ 12 വര്‍ഷം വരെ അതേ കൂടു തന്നെ ഉപയോഗിക്കും. അതിനിടയില്‍ അറ്റകുറ്റപ്പണികള്‍ മാത്രം. വര്‍ഷത്തില്‍ ഒരു തവണയായി രണ്ടു മുട്ടകളിടും. രണ്ടും വിരിയുമെങ്കിലും അതി ജീവനത്തിനുള്ള പോരാട്ടത്തിനിടയില്‍ ഒന്നു ചത്തുപോകുകയെന്നതാണ് രീതി.ഒരു പക്ഷി കുടുംബത്തില്‍ ഒരു വര്‍ഷം ഒരു പക്ഷിയെന്നതാണ് വെള്ളവയറന്‍ കടല്‍ പരുന്തുകളുടെ വംശ വര്‍ധന. 30 വര്‍ഷം വരെയാണ് ഒരു പക്ഷിയുടെ ആയുസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയില്‍ 68 പരുന്തുകളെ കണ്ടെത്തിയിരുന്നു. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page