കാസര്‍കോട്: മാതാവിനെയും മകനെയും തോക്കി ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷം സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ കര്‍ണാടക പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കണ്ടെത്താന്‍ ദക്ഷിണ കന്നഡ എസ്.പിയുടെ നേതൃത്വത്തില്‍ മൂന്ന് അന്വേഷണ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ബദിയടുക്ക നാരമ്പാടി സ്വദേശിനി കസ്തൂരി റൈ, മകന്‍ ഗുരുപ്രസാദ് റൈ എന്നിവരാണ് അക്രമത്തിനു ഇരയായത്. ബുധനാഴ്ച രാത്രി വാഹനത്തിലെത്തിയ സംഘം വീട്ടില്‍ കയറി അന്തേവാസികളെ കെട്ടിയിട്ട് 15 പവന്‍ സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു. ഗുരുപ്രസാദിന്റെ വീട്ടില്‍ വീട്ടു ജോലി ചെയ്തിരുന്ന ഒരാള്‍ അവധിക്ക് നാട്ടിലേക്ക് പോയിരുന്നു. കാസര്‍കോട് സ്വദേശിയായ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വീടിന്റെ പരിസരം നന്നായി അറിയുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലിസ് നിഗമനം. മുന്‍ എംഎല്‍എമാരായ ശകുന്തള ഷെട്ടി, സഞ്ജീവ മറ്റണ്ടൂര്‍, അരുണ്‍കുമാര്‍ പുത്തില എന്നിവര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തി.