പിരിഞ്ഞ ആണ്‍സുഹൃത്തുമായുള്ള ബന്ധം തിരികെ കിട്ടാന്‍ ദുര്‍മന്ത്രവാദം; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

പുതുച്ചേരി: ആണ്‍സുഹൃത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കാമെന്ന വാഗ്ദാനവുമായി ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മന്ത്രവാദികളാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ചില പിണക്കങ്ങള്‍ കാരണം ആറുമാസം മുന്‍പ് ആണ്‍സുഹൃത്ത് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതില്‍ നിരാശപ്പെട്ടിരിക്കുമ്പോഴാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു പരസ്യം കണ്ടത്. കുടുംബം പ്രണയം, ബീസിനസ് എന്നിവിടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ദുര്‍മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന പരസ്യത്തിലെ ഉള്ളടക്കം. തുടര്‍ന്ന് തന്റെ പ്രശ്‌നങ്ങള്‍ അറിയിച്ച് ആ എക്കൗണ്ടിലേക്ക് സന്ദേശം അയച്ചു. ചില പ്രത്യേക പൂജകള്‍ ചെയ്താലെ ആണ്‍സുഹൃത്ത് തിരികെ വരുമെന്ന് മന്ത്രവാദികള്‍ വാഗ്ദാനം ചെയ്തു. അതിനായി ഒരുലക്ഷം വേണമെന്ന് അവര്‍ പെണ്‍കുട്ടിയെ അറിയിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴിു യുവതി പണം നല്‍കി. പണം ലഭിച്ചതോടെ ഉടന്‍ ആണ്‍സുഹൃത്തിന്റെ ഫോണില്‍ നിന്ന് കോള്‍ വരുമെന്നും എന്നാല്‍ അത് എടുക്കരുതെന്നും നിര്‍ദേശിച്ചു. ആ ദിവസം തന്നെ യുവതിയുടെ ഫോണിലേക്ക് ആണ്‍സുഹൃത്തിന്റെ നമ്പരില്‍നിന്ന് കോള്‍ വന്നു. എന്നാല്‍ തട്ടിപ്പുകാരുടെ നിര്‍ദേശം വിശ്വസിച്ച യുവതി ഫോണെടുത്തില്ല. അടുത്ത ദിവസം വീണ്ടും പണം ആവശ്യപ്പെട്ടു. 10 ദിവസത്തിനിടെ പലതവണയായി 5.84 ലക്ഷം രൂപ പെണ്‍കുട്ടിയില്‍നിന്ന് തട്ടിപ്പുകാര്‍ തട്ടിയെടുത്തു. ലക്ഷങ്ങള്‍ കൈമാറിയിട്ടും സുഹൃത്തില്‍നിന്ന് മറ്റു പ്രതികരണങ്ങളൊന്നും ഇല്ലാതായതോടെ യുവതി തട്ടിപ്പ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനോ മറ്റോ ഉപയോഗിച്ചായിരിക്കും സുഹൃത്തിന്റെ നമ്പറില്‍നിന്ന് പെണ്‍കുട്ടിക്ക് കോണ്‍ വന്നതെന്ന് പൊലീസ് പറഞ്ഞു ആരെയെങ്കിലും ഫോണ്‍ ചെയ്യുമ്പോള്‍ അവരുടെ ഫോണില്‍ മറ്റു നമ്പര്‍ കാണിക്കാനായി ആപ്ലിക്കേഷനുകളുണ്ടെന്നും ഇതിലൂടെ തട്ടിപ്പുകാര്‍ തങ്ങളുടെ നമ്പര്‍ സുഹൃത്തിന്റെ നമ്പാക്കി മാറ്റി കോള്‍ ചെയ്തിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page