സദാനന്ദനും കുടുംബത്തിനും വീടൊരുക്കി സേവാഭാരതി

വെള്ളരിക്കുണ്ട്: അര്‍ഹതപ്പെട്ട സഹായം അധികൃതര്‍ നിഷേധിച്ച സാഹചര്യത്തില്‍ വെള്ളരിക്കുണ്ട് പാത്തിക്കര ആനമഞ്ഞളിലെ സദാനന്ദനും കുടുംബത്തിനും വീടൊരുക്കി സേവാഭാരതി. കിണറു നിര്‍മാണത്തിനിടെ വീണ് പരിക്കേറ്റ് പത്ത് വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുകയാണ് സദാനന്ദന്‍. മരുന്ന് നിര്‍ത്തിയാല്‍ അണുബാധയുണ്ടാകുമെന്ന ഭീതിയുമുണ്ട്. ഭാര്യ അംബിക തൊഴിലുറപ്പ് ജോലി ചെയ്താണ് രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്. പത്ത് സെന്റ് ഭൂമിയിലെ പ്ലാസ്റ്റിക് പുതച്ച കൂരയിലാണ് താമസം. ഈ ദുരിതത്തിനിടയില്‍ പോലും പഞ്ചായത്ത് അധികൃതര്‍ അര്‍ഹതപ്പെട്ട ലൈഫ് പദ്ധതിയുടെ വീട് കുടുംബത്തിന് നിഷേധിച്ചു. നിരവധി തവണ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയായിരുന്നു. ഇതിനിടെ മുന്‍ഗണന മറികടന്ന് മറ്റ് പലര്‍ക്കും വീട് നല്‍കുകയും ചെയ്തു. ജില്ലാ കളക്ടര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സേവാഭാരതി വീട് നിര്‍മ്മാണം ഏറ്റെടുത്തത്. പനത്തടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സഹായത്തോടെ വാങ്ങിയ പുതിയ സ്ഥലത്താണ് വീട് നിര്‍മ്മിച്ചത്. രണ്ട് ബെഡ്‌റും, ഹാള്‍, സിറ്റൗട്ട്, പൂജാമുറി, അടുക്കള, ബാത്ത്‌റൂം എന്നിവ ഉള്‍പ്പെടുന്നതാണ് വീട്. സേവാഭാരതി വെസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ ഗൃഹപ്രവേശനം 10 ഞായറാഴ്ച നടക്കും. രാവിലെ 9.30ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പി. ബാബു എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന് താക്കോല്‍ കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page