മംഗളൂരു:തൊക്കോട്ട് ദേശീയ പാത 66 ല്‍ വാഹനങ്ങള്‍ കൂട്ടയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് തൊക്കോട്ട് ജംഗ്ഷനു സമീപം അപകടമുണ്ടായത്. മംഗളൂരുവിലേക്ക് പോകുകയായിരുന്ന മാരുതി സിയസ് കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ തൊട്ട് പിന്നിലുണ്ടായിരുന്ന ട്രക്ക് ഈ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിന് പിന്നില്‍ സഞ്ചരിച്ചിരുന്ന മാരുതി വാഗണ്‍ ആര്‍ കാര്‍ വേഗത കുറച്ചു. കാറിന് പിന്നാലെ വന്നിരുന്ന കേരളാ ആര്‍.ടി.സി ബസ്സ് അതേ സമയം തന്നെ ഈ കാറിനെ ഇടിച്ചിടുകയായിരുന്നു. ബസ്സിടിച്ച കാര്‍ നിശ്ശേഷം തകര്‍ന്നു. കാര്‍ യാത്രികര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 5 പേര്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. മംഗളൂരു സൗത്ത് പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. മഴ പെയ്ത് കുതിര്‍ന്ന് കിടക്കുന്ന റോഡില്‍ വാഹനങ്ങള്‍ക്ക് ബ്രേക്ക് കൃത്യമായി കിട്ടാത്തതാണ് കൂട്ടയിടി ഉണ്ടാവാന്‍ കാരണം.