ആലപ്പുഴ: ചേർത്തല കണിച്ചുകുളങ്ങരയിൽ വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തൽ പൊളിക്കുന്നതിനിടയിലാണ് സംഭവം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ 28 ന് കൊച്ചി ഹയാത്ത് ഹോട്ടലിൽ വിവാഹവും കഴിഞ്ഞ ഞായറാഴ്ച കണിച്ചുകുളങ്ങരയിലെ വീട്ടിൽ റിസെപ്ഷനുമായിരുന്നു. കല്യാണപ്പന്തൽ ഇന്നലെയാണ് പൊളിച്ചു മാറ്റിയത്. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. അപകടത്തിൽ മൂന്നുപേരും തൽക്ഷണം മരിച്ചു.