അടച്ചിട്ട വീട്ടിലെ അടയ്ക്ക കവര്‍ച്ച; കേസിലെ പ്രതി നൗഷാദും അറസ്റ്റിലായി
മഞ്ചേശ്വരം: വീടിന്റെ പൂട്ടുകള്‍ പൊളിച്ച് അകത്തു കടന്ന് ആറു ചാക്ക് അടയ്ക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കാജൂര്‍ സ്വദേശി അബ്ദുല്‍ നൗഷാദ്(20)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. കൂട്ടുപ്രതികളായ കടമ്പാര്‍, എഡിയയിലെ മുസ്താഖ് ഹുസൈന്‍ (22), കാജൂരിലെ അബ്ദുല്‍ റഷീദ്(21) എന്നിവരെ വ്യാഴാഴ്ച തന്നെ എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം അഞ്ചിനും, ആറിനും ഇടയിലുള്ള ദിവസമാണ് കവര്‍ച്ച നടന്നത്. വൊര്‍ക്കാടി ബേക്കറ ജംഗ്ഷനിലെ റഹ്‌മാന്റെ അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയെന്നാണ് കേസ്. ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന അടയ്ക്ക സ്‌ക്കൂട്ടറില്‍ കടത്തി കൊണ്ടു പോവുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.