ത്രിപുരയില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി; സിറ്റിങ് സീറ്റ് ബി.ജെപി പിടിച്ചെടുത്തു

അഗര്‍ത്തല: ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് ബിജെപി. ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബോക്സാനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കെട്ടിവെച്ച പണം പോയി. 29,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപി ഇവിടെ ജയിച്ചു. 2003 മുതല്‍ സിപിഎം തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്സാനഗര്‍. കോണ്‍ഗ്രസും തിപ്ര മോദയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ബിജെപിക്കായി ബോക്‌സാനഗറില്‍ നിന്ന് തഫജ്ജല്‍ ഹൊസൈനും ധന്‍പുരില്‍ നിന്ന് ബിന്ദു ദേബ്‌നാഥും ആണ് മത്സരിച്ചത്. സിപിഎം എംഎല്‍എ ആയിരുന്ന സംസുല്‍ ഹഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബോക്‌സാനഗറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ സംസുല്‍ ഹഖിനോട് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥി തഫജ്ജല്‍ ഹുസൈനാണ് ഇത്തവണ വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുത്തിരിക്കുന്നത്. തഫജ്ജല്‍ ഹുസൈന്‍ 34146 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി മിസാന്‍ ഹുസൈന് 3909 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ധന്‍പുരില്‍ 18871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ വിജയം. ബിജെപി സ്ഥാനാര്‍ഥിയായ ബിന്ദു ദേബ്നാഥ് 30017വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎമ്മിലെ കൗഷിക് ചന്ദയ്ക്ക് 11146 വോട്ടുകളാണ് നേടാനായത്. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്ന വെല്ലുവിളി നേരിട്ട ബിജെപി മിന്നും വിജയം പേരിലാക്കുകയായിരുന്നു. ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നു എന്ന് ആരോപിച്ച് സിപിഎം വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page