പൊലീസിനെ ആക്രമിച്ച സംഭവം; ഗള്‍ഫിലേയ്‌ക്കു കടന്ന പ്രതിക്കായി  ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ തയ്യാറാക്കി പൊലീസ്

കാസർകോട്: രാത്രികാല പട്രോളിംഗിനിടയില്‍ മഞ്ചേശ്വരം എസ്‌.ഐയെയും പൊലീസുകാരനെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കി പൊലീസ്. ഗള്‍ഫിലേയ്‌ക്കു കടന്ന ഉപ്പള സ്വദേശിയായ റഷീദിനെ കണ്ടെത്താനാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. ഇക്കഴിഞ്ഞ ഞായറായ്‌ച പുലര്‍ച്ചെയാണ്‌ ഉപ്പള, ഹിദായത്ത്‌ നഗറില്‍ വച്ച്‌ മഞ്ചേശ്വരം എസ്‌.ഐ പി.അനൂപിനെയും സിവില്‍ പൊലീസ്‌ ഓഫീസര്‍ കിഷോറിനും നേരെ അക്രമണം ഉണ്ടായത്‌. അസമയത്ത്‌ കൂട്ടം കൂടി നിന്നവരോട്‌ പിരിഞ്ഞു പോകാന്‍ പറഞ്ഞതിനായിരുന്നു അക്രമണം. സംഭവത്തില്‍ റഷീദ്‌, അഫ്‌സല്‍ എന്നിവരടക്കം കണ്ടാല്‍ അറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തത്‌. അഞ്ചാം പ്രതിയായ ജില്ലാ പഞ്ചായത്തംഗവും മുസ്ലീംയൂത്ത്‌ ലീഗ്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്‌ദുല്‍ റഹ്മാന്‍ മാത്രമാണ്‌ പിടിയിലായത്‌. റിമാന്റില്‍ കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. ഇയാളില്‍ നിന്നാണ്‌ സംഘത്തിലെ മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്‌. അക്രമത്തിനുശേഷം നാട്ടില്‍ നിന്നു കടന്നുകളഞ്ഞ റഷീദ്‌ ഗോവയില്‍ എത്തുകയും അവിടെ നിന്നാണ്‌ ഗള്‍ഫിലേയ്‌ക്കു പറന്നതെന്നുമാണ്‌ പൊലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇക്കാര്യം ലഭിച്ചത്‌. കേസിലെ മറ്റു പ്രതികളായ ഉപ്പളയിലെ അഫ്‌സല്‍, സത്താര്‍, കാലിയാ റഫീഖ്‌ കൊലക്കേസിലെ പ്രതി നൂറലി, എന്നിവര്‍ ഒളിവിലാണ്‌. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ്‌ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page