മംഗളൂരു: ക്രിമിനല്‍ കേസില്‍ വാറണ്ട് പ്രതിയായ യുവാവ് 13 വര്‍ഷത്തിന് ശേഷം മുംബൈയില്‍ പൊലീസിന്റെ പിടിയിലായി. മംഗളൂരു ജെപ്പിനമൊഗരു പെഗാസസിന് സമീപത്തെ പ്രീതം ആചാര്യ(38)യെയാണ് പൊലിസ് മുംബൈയിലെത്തി അറസ്റ്റുചെയ്തത്. മുംബൈ ദഹിസര്‍ വെസ്റ്റിലെ ഖണ്ഡര്‍ പാദയിലെ ന്യൂ ലിങ്ക് റോഡില്‍ ആര്‍ടിഒ ഓഫീസിന് സമീപമുള്ള ഹോട്ടലില്‍ മാനേജരായി ഇയാള്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം മുംബൈയിലെത്തി പ്രീതം ആചാര്യയെ അറസ്റ്റ് ചെയ്തത്. 2009 ല്‍ ആക്രമണ കേസില്‍ പ്രതിയായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് മുങ്ങിയ ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് മുംബൈയിലെത്തി സുഖ ജീവിതം നയിക്കുകയായിരുന്നു. പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍, ഡിസിപിമാരായ അംശുകുമാര്‍, ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉര്‍വ പൊലീസ് ഇന്‍സ്പെക്ടര്‍ ഭാരതി ജിയുടെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലേക്ക് പോയി. മഫ്തിയില്‍ ഹോട്ടലിലെത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ ഹരീഷ് എച്ച്.വി, എ.എസ്.ഐ ഉല്ലാസ് മഹാലെ, ഹെഡ് കോണ്‍സ്റ്റബിള്‍ സുധാകര്‍, കോണ്‍സ്റ്റബിള്‍ സഫ്രീന എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ ഏഴു വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മംഗളൂരുവിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.