കാസര്‍കോട്: മഞ്ചേശ്വരമടക്കം നിരവധി സ്ഥലങ്ങളില്‍ ജ്വല്ലറികള്‍ കൊള്ളയടിച്ച കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് നാമക്കല്‍ സ്വദേശി വേലായുധന്‍ സെല്ലമുത്തു(47)വിനെയാണ് പയ്യാവൂര്‍ പൊലീസ് കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂര്‍ ഉക്കടത്തുവച്ച് അറസ്റ്റ് ചെയ്‌തത്.കഴിഞ്ഞ മാസം 13ന് രാത്രി പയ്യാവൂരിലെ ചേനാട്ട് ജ്വല്ലറിയുടെ ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നു 3 കിലോ വെള്ളി കവര്‍ച്ച ചെയ്‌ത കേസിലാണ് അറസ്റ്റ്. ജ്വല്ലറിക്കു മുന്നിലെ സിസിടിവി ക്യാമറ തകര്‍ത്താണ് മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മാണശാലയില്‍ എത്തിയത്. വെള്ളി ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇവ പരിശോധിച്ചാണ് കവര്‍ച്ച നടത്തിയത് സെല്ലമുത്തുവാണെന്ന് തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.ഇയാളെ വിശദമായി ചോദ്യം ചെയ്‌തുവരുന്നു.നേരത്തെ മഞ്ചേശ്വരം, തൃശൂര്‍, ഒല്ലൂര്‍, സേലം, നാമക്കല്‍ എന്നിവിടങ്ങളില്‍ നടന്ന ജ്വല്ലറി കവര്‍ച്ചകള്‍ക്കു പിന്നില്‍ സെല്ലമുത്തുവാണെന്നു പൊലീസ് പറഞ്ഞു. ജ്വല്ലറികളിലും ആഭരണ നിര്‍മ്മാണശാലകളിലും എത്തി സ്വര്‍ണ്ണത്തരികള്‍ വേര്‍തിരിച്ചെടുക്കുന്ന ജോലി ചെയ്യുന്നവരാണ് സെല്ലമുത്തുവും കുടുംബവും. ഇങ്ങനെയെത്തുമ്പോഴാണ് കവര്‍ച്ച നടത്തേണ്ട ജ്വല്ലറികള്‍ കണ്ടു വയ്‌ക്കുന്നതെന്നു പൊലീസ് പറഞ്ഞു