കാസര്‍കോട്: നെല്ലിക്കുന്നില്‍ റെയില്‍പാളത്തില്‍ കരിങ്കല്ലു ചീളുകള്‍ നിരത്തി വച്ചത് എട്ടും ഒന്‍പതും വയസ്സുള്ള കുട്ടികള്‍. ഇവരെ തിരിച്ചറിഞ്ഞ പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചുവരുത്തി ഉപദേശം നല്‍കി വിട്ടയച്ചു. ഇരുവരെയും കൗണ്‍സിലിംഗിനു വിധേയരാക്കാനും പൊലീസ് നിര്‍ദ്ദേശിച്ചു.ശനിയാഴ്‌ച്ചയാണ് നെല്ലിക്കുന്നില്‍ ട്രാക്കില്‍ കല്ലുകള്‍ നിരത്തി വച്ച സംഭവം ഉണ്ടായത്. ട്രെയിന്‍ കടന്നു പോകുമ്പോള്‍ കുലുക്കം അനുഭവപ്പെട്ട യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കല്ലുകയറ്റിവച്ചവരെ തിരിച്ചറിഞ്ഞത്. റെയില്‍വെ ട്രാക്കിനു സമീപത്ത് മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടു ധരിച്ച് നില്‍ക്കുന്ന കുട്ടിയെ കണ്ടതായുള്ള മൊഴിയാണ് പൊലീസ് അന്വേഷണത്തിനു തുടക്കമായത്. കല്ലുവച്ച സ്ഥലത്തിനു സമീപത്തെ വീട്ടില്‍ സംഭവ ദിവസം വിരുന്ന് പരിപാടി നടന്നിരുന്നു. അന്നത്തെ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മെറൂണ്‍ ഷര്‍ട്ട് ധരിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടെത്തി വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് രണ്ടാമത്തെ കുട്ടിയെ തിരിച്ചറിഞ്ഞത്. ചെയ്‌ത തെറ്റിന്റെ ആഴം കുട്ടികളെ പറഞ്ഞു മനസ്സിലാക്കിയ ശേഷമാണ് കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചതെന്നു പൊലീസ് പറഞ്ഞു. കല്ലുപൊടിയുന്നത് കാണാനാണ് ട്രാക്കില്‍ കല്ലുവച്ചതെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്