കാസർകോട്: ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി ആഘോഷത്തിന്റെ ഭാഗമായി നീലേശ്വരം, പേരോലില്‍ സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചു. സംഘര്‍ഷഭീതിയെ തുടര്‍ന്നു സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. പ്രശ്‌നം ചര്‍ച്ച ചെയ്‌ത് പരിഹരിക്കുന്നതിന്റെ ഭാഗമായി സിപിഎം, ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് ചര്‍ച്ചയ്‌ക്ക് വിളിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. 9.30 മണിയോടെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചതായി ബിജെപി ആരോപിച്ചു. വിവരമറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകരും സംഘടിതരായി സ്ഥലത്തെത്തിയതോടെ വാക്കേറ്റം ഉണ്ടായി. കയ്യാങ്കളിയിലേയ്‌ക്ക് നീങ്ങുമെന്ന ഘട്ടം എത്തിയതോടെ പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരോടും പിന്തിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ആള്‍ ക്കൂട്ടം മടങ്ങിയതോടെ പൊലീസ് കാവൽ തുടര്‍ന്നു. 11.30 മണിയോടെ കാവല്‍ നിന്ന പൊലീസുകാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ബൈക്കുകളില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ക്കുകയായിരുന്നുവെന്നു ബിജെപി ആരോപിച്ചു. വിവരമറിഞ്ഞ് എത്തിയ ബിജെപി പ്രവര്‍ത്തകര്‍ കൊടിമരം പുനഃസ്ഥാപിച്ചു.