ആലപ്പുഴ: നാലംഗ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ വെൺമണി പാറചന്ത വലിയ പറമ്പിൽ ശൈലേഷിന്‍റെയും- ആതിരയുടെയും മകൻ കാശിനാഥ്(3)ന്‍റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ അപകടത്തിൽ കുട്ടിയുടെ അമ്മ ആതിര മരിച്ചിരുന്നു. ഇവരുൾപ്പെടെ 5 പേരായിരുന്നു അപകടത്തിൽപ്പെട്ടത്. അച്ചൻകോവിലാറ്റിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ആതിരയുടെ ഭർത്താവ് ശൈലേഷ്, മകൾ കീർത്തന,ഓട്ടോറിക്ഷാ ഡ്രൈവർ സജു എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. വൈകിട്ട് 5.45 ന് കുന്നംചാക്കോ റോഡിലായിരുന്നു അപകടം.കരയംവട്ടത്ത് നിന്ന് വെൺമണിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മയുടെയും കുഞ്ഞിന്‍റെയും മരണം നാടിനെ ആകെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.