ന്യൂഡല്‍ഹി: ആറ് വയസ്സുകാരിയെ സ്‌കൂള്‍ ബസ്സില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചു. പ്രതി ഇതേ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി. സംഭവം അറിഞ്ഞിട്ടും മൂടിവച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പോക്‌സോ പ്രകാരം കേസെടുത്തു. ഓഗസ്റ്റ് 23ന് വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ രോഹിണിയിലാണ് സംഭവം നടന്നത്. സ്‌കൂള്‍ ബസ്സില്‍ നിന്നിറങ്ങിയ മകളുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നതായി കണ്ടു. കുട്ടിയോട് ഇത് അന്വേഷിച്ചതോടെയാണ് ലൈംഗിക പീഡനത്തിന് ഇരയായെന്ന് മനസ്സിലായത്. ഇതേ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 354, 228 എ, പോക്സോ നിയമത്തിലെ 10/21 എന്നിവ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കെതിരെ ബേഗംപൂര്‍ പൊലീസ് കേസെടുത്തു. പ്രതിയെ പിടികൂടിയെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ സംഭവത്തിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹി വനിതാ കമ്മീഷന്‍ രാഹിണി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസത്തിനുള്ള കാരണവും ഡിസിഡബ്ല്യു ആരാഞ്ഞു, രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ പകര്‍പ്പും ഡിസിഡബ്ല്യു ആവശ്യപ്പെട്ടിട്ടുണ്ട്. പീഡന വിവരം അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതിനും കുട്ടിയെ തിരിച്ചറിയും വിധം വിവരങ്ങള്‍ പരസ്യമാക്കിയതിനും സ്‌കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും വനിതാ കമ്മീഷന്‍ പൊലീസിനോട് ചോദിച്ചു. പരാതി പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. വനിതാ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.