കാസര്‍കോട്: കുമ്പള പൊലിസ് സ്റ്റേഷനിലെ എസ്.ഐയ്ക്കും കുടുംബത്തിനും എതിരെ വധ ഭീഷണി മുഴക്കിയെന്ന കേസിലെ പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് (17)കാറപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ മുന്‍ കുമ്പള എസ്.ഐ.രജിത്തിനും കുടുംബത്തിനുമാണ് ഭീഷണി ഉയര്‍ന്നത്. എസ്.ഐ യുടെ ഭാര്യാ പിതാവ് നല്‍കിയ പരാതിയില്‍ ആണ് പൊലീസ് കേസെടുത്തിരുന്നത്. അവിട്ടം ദിനത്തിലാണ് എസ് ഐയും കുടുംബവും താമസിക്കുന്ന മൊഗ്രാല്‍ മാളിയങ്കരയിലെ വാടക വീട്ടിനു മുന്നിലെത്തിയ രണ്ടു പേരാണ് ഭീഷണി മുഴക്കിയത്. യുവാക്കള്‍ സ്‌കൂട്ടറില്‍ വരുന്നതിന്റെയും, സംസാരിക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംശയിക്കപ്പെടുന്ന യുവാവ് ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.