കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് അട്ടഗിരീഷ് (49) പൊലീസ് പിടിയിൽ. കണ്ണൂര്‍ കലക്‌ട്രേറ്റിനു മുന്നിലുള്ള ലോഡ്‌ജില്‍ പുലര്‍ച്ചെ പൊലീസ് നടത്തിയ റെയ്‌ഡിലാണ് ഇയാള്‍ പിടിയിലായത്. പിടികിട്ടാപ്പുള്ളിയായ ഗിരീഷ് ഭാര്യക്കും, ഭാര്യാസഹോദരിക്കും ഒപ്പം ലോഡ്‌ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു .കണ്ണൂർ ചിറക്കല്‍ സ്വദേശിയാണ്.എടക്കാട് പൊലീസ് ഇന്‍സ്‌പെക്‌ടറും സംഘവുമാണ് ഇയാളെ അറസ്റ്റു ചെയ്‌തത്. ചോദ്യം ചെയ്തതിൽ നിന്നും അടുത്ത കാലത്തായി നടന്ന 15ൽ അധികം കവര്‍ച്ചാ കേസുകള്‍ക്കു തുമ്പായതായി പൊലീസ് പറഞ്ഞു.കണ്ണൂര്‍, വളപ്പട്ടണം, എടക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചാ കേസില്‍ പ്രതിയായ അട്ടഗിരീഷിനെ 2012ല്‍ കോടതി പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. അതിനു ശേഷം ഇയാളെ കുടുക്കുവാന്‍ പൊലീസ് പല തവണ ശ്രമം നടത്തിയിരുന്നുവെങ്കിലും ലക്ഷ്യം കണ്ടില്ല. അന്വേഷണത്തില്‍ ഇയാള്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരുടെ വിഹാരകേന്ദ്രമായ തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമത്തിലേയ്‌ക്ക് കടന്നതായി വിവരം ലഭിച്ചു. ഇയാളെ പിടികൂടുന്നതിനു ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രതി ചിറക്കലിലുള്ള മാതാവിനെ ബന്ധപ്പെട്ടിരുന്നുവെങ്കിലും സുഹൃത്തിന്റെ ഫോണാണ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഭാര്യയുടെ ഫോണിലേയ്‌ക്ക് എത്തിയ കോളാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്യാന്‍ ഇടയാക്കിയത്.