ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചു. ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം പഠിക്കുന്നതിന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അദ്ധ്യക്ഷനാക്കി സമിതി രൂപീകരിച്ചു. ഇക്കാര്യം പഠിച്ച ശേഷം സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. 2014 ൽ ബിജെപിയുടെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉൾകൊള്ളിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് മുൻ രാഷ്ട്രപതിയെ അധ്യക്ഷനായുള്ള സമിതിയെ രൂപീകരിച്ചത്. അതേസമയം, സമിതിയിലെ മറ്റു അംഗങ്ങളെക്കുറിച്ചുള്ള വിവരം പുറത്ത് വന്നിട്ടില്ല. എന്നാൽ സമിതിയിൽ വിരമിച്ച ജഡ്ജിമാരുണ്ടെന്നാണ് സൂചന.
ഈ മാസം 18 മുതൽ 22 വരെ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു. പാർലമെന്‍ററി കാര്യ മന്ത്രി പ്രള്ഹാദ് ജോഷിയാണ് പ്രത്യേക സമ്മേളന വിവരം അറിയിച്ചത്.എന്നാൽ എന്താണ് പ്രത്യേക സമ്മേളനത്തിന്‍റെ ലക്ഷ്യമെന്ന് അറിയിച്ചിരുന്നില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആണോ അജണ്ട എന്നതിനെചൊല്ലി അഭ്യൂഹം കനക്കുകയാണ്. അതിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിർത്ത് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കാനാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നാണ് എതിർക്കുന്നവരുടെ പ്രധാന ആരോപണം. സമാജ് വാജി പാർട്ടി കേന്ദ്രത്തിനെതിരെ ഇക്കാര്യത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. അതേ സമയം വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചിലവ് ചുരുക്കാൻ ഒറ്റ തെരഞ്ഞെടുപ്പിലൂടെ കഴിയുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.