മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ കൊലപ്പെട്ട യുവാവിന്‍റെ സുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം. ആമയം സ്വദേശി ഷാഫിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് എയർ ഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഷാഫി മരിച്ചത്. സുഹൃത്തായ സജീവിന്റെ വീട്ടിൽവച്ചാണ് ഷാഫിക്ക് വെടിയേറ്റത്. സജീവിന്റെ എയർഗൺ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് ഇതു സംബന്ധിച്ച് ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ ഏറെ നിർബന്ധിച്ചാണ് ഷാഫിയെ സജീവ് കൊണ്ട് പോയതെന്നും അബദ്ധത്തിൽ വെടികൊണ്ടതല്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനൊരുങ്ങുകയാണ്. കേസിലെ പ്രതിയായ സജീവിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തെങ്കിലും അബദ്ധത്തിൽ സംഭവിച്ചാണെന്ന രീതിയിൽ അന്വേഷണം കൊണ്ട് പോകാനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നും ഷാഫിയുടെ സഹോദരനും മാതാപിതാക്കളും പറയുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.