കാസര്‍കോട്: വീട്ടിലും പരിസരത്തുമായി സൂക്ഷിച്ച 101 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. കാസർകോട് പന്നിപ്പാറ, എം.ജി നഗറിലെ ഗണേഷ് നിലയത്തില്‍ പി.രാധാകൃഷ്‌ണൻ(36) എതിരെ എക്‌സൈസ് കേസെടുത്തു. വീട്ടില്‍ മദ്യം ശേഖരിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കാസര്‍കോട് റെയ്‌ഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ജെ.ജോസഫും സംഘവും റെയ്‌ഡിനെത്തിയത്. എക്സൈസ് സംഘത്തെ കണ്ടതോടെ രാധാകൃഷ്‌ണന്‍ ഓടി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. 6.5 ലിറ്റര്‍ കേരളാ നിർമ്മിത ബിയറും കണ്ടെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു. എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പ്രശാന്ത്, പി.രാജേഷ്, അതുല്‍, മെയ്‌മോള്‍ ജോണ്‍ എന്നിവരും ഉണ്ടായിരുന്നു. ശ്രീ നാരായണ ഗുരുജയന്തി പ്രമാണിച്ച് വ്യാഴാഴ്ചയും, മാസാരംഭമായതിനാല്‍ വെള്ളിയാഴ്ചയും സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധിയാണ്. ഇതു മുതലെടുത്തു വ്യാജ മദ്യവില്‍പ്പനക്കാര്‍ വലിയ തോതില്‍ മദ്യം ശേഖരിച്ചു വച്ചിട്ടുള്ളതായാണ് സൂചന.