കണ്ണൂർ: തലശ്ശേരി പാനൂർ പെരിങ്ങത്തൂരിൽ ബിഎംഎസ് നേതാവിന്റെ ഓട്ടോ തീവെച്ചു നശിപ്പിച്ച സംഭവത്തിൽ ചൊക്ളി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തിന് പിന്നിൽ സി.പി. എം പ്രവർത്തകരാണെന്ന ആരോപണ ബി.ജെ.പി, ബി. എം. എസ് നേതാക്കൾ രംഗത്തെത്തി. പെരിങ്ങത്തൂരിലെ 18-ാം വാർഡിൽ ഗുരുജി മുക്കിന് സമീപം അക്കരാമ്മൽ അരുകുനിയിൽ മനോജിന്റെ ഓട്ടോറിക്ഷയാണ് തിരുവോണ ദിവസം തീവെച്ച് നശിപ്പിക്കപ്പെട്ടത്.എകെ.മനോജ് ബിഎംഎസ് പാനൂർ നഗരസഭാ കമ്മിറ്റി പ്രസിഡന്റാണ്. ഉറങ്ങിക്കിടക്കുകയായിരുന്ന മനോജിന്റെ കുടുംബം കനത്ത പുക മുറിയിലേക്ക് അടിച്ചു കയറിയപ്പോഴാണ് വിവരമറിഞ്ഞത്. മനോജിന്റെ ഭാര്യയും മക്കളും അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. വീടിന്റെ പുറകുവശത്തെ മുറ്റത്താണ് ഓട്ടോറിക്ഷ നിർത്തിയിരുന്നത്. വീടിന് തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.ഓട് മേഞ്ഞ വീടാണ് മനോജിന്റേത്. മുറ്റത്തുവിരിച്ച താർപ്പായയും സമീപത്തെ വിറകുകളും ജനലും കത്തി നശിച്ചിരുന്നു. വീട്ടുകാരറിയാൻ അല്പസമയം കൂടി വൈകിയിരുന്നെങ്കിൽ വീടിന്റെ മുകൾ നിലയ്ക്ക് തീ പടരുമായിരുന്നു. വീട്ടിൽനിന്ന് പൈപ്പ് ഉപയോഗിച്ച് വെള്ളമെടുത്തു തീ കെടുത്തുകയായിരുന്നു.