പാലക്കാട്: ഓണം അവധി ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയവര്‍ മുങ്ങിമരിച്ചു. മണ്ണാക്കാട് ഭീമനാടാണ് സംഭവം. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഭീമനാട് റിന്‍ഷിയുടെ വീട്ടിലേക്കാണ് ബന്ധുക്കളും സഹോദരങ്ങളുമായ റംഷീനയും നാഷിദയും എത്തിയത്. ഇവര്‍ പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തില്‍ പെട്ടു. പിതാവ് നോക്കി നില്‍ക്കെയായിരുന്നു അപകടം. സമീപത്തെ പാടത്ത് പണി എടുക്കുകയായിരുന്ന അതിഥി തൊഴിലാളിയാണ് ആദ്യം കണ്ടത്. ഇയാളും പെണ്‍കുട്ടികളുടെ പിതാവും ബഹളം വെച്ചതിനെത്തുടര്‍ന്ന് എത്തിയ യുവാക്കളാണ് ഇവരെ കുളത്തില്‍ നിന്ന് കരയ്‌ക്കെത്തിച്ചത്.
ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി സംസ്‌കരിക്കും.