കാസര്‍കോട്: അമിതവേഗതയിലെത്തിയ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ചെര്‍ക്കാപ്പാറയില്‍ താമസിക്കുന്ന ബീവിയുടെ മകന്‍ ഉബൈദ് (49) ആണ് മരിച്ചത്. ഓണ ദിവസം രാത്രി ഏഴരമണിയോടെ ചെര്‍ക്കാപ്പാറ, തരംഗം ക്ലബ്ബിനു സമീപത്താണ് അപകടം. പെരിയ ഭാഗത്തുനിന്നു പാക്കം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിടിച്ചാണ് അപകടം. അപകടത്തിനു ഇടയാക്കിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി.
സാരമായി പരിക്കേറ്റ ഉബൈദിനെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പള്ളിപ്പുഴ സ്വദേശിയായ ഉബൈദും മാതാവും അടുത്തിടെയാണ് ചെര്‍ക്കാപ്പാറയിലേയ്ക്ക് താമസം മാറിയെത്തിയത്. അപകടത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകടത്തിനു ഇടയാക്കിയ കാര്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പൊലീസ് പറഞ്ഞു.