സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യവകുപ്പിന് പരാതി നൽകി രക്ഷിതാക്കൾ
എറണാകുളം: സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച 50 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി. കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നിന്ന് സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
വെള്ളിയാഴ്ച സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായാണ് കുട്ടികൾ സദ്യ കഴിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ പനിയും ശർദിയുമടക്കം ആരോഗ്യ പ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.സ്കൂളിൽ നിന്ന് കിട്ടിയ വെള്ളം കുടിച്ചാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ മാതാപിതാക്കൾ ആരോഗ്യവകുപ്പിന് പരാതി നൽകി. ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.