കാസർകോട്: ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ ട്രാക്ക് വുമണ്‍ 41 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നു. കാസർകോട് ചെറുവത്തൂര്‍ മാച്ചിപ്പുറം സ്വദേശിനി പി രമണിയാണ് പയ്യന്നൂര്‍ സെക്ഷനില്‍നിന്ന് ഗാങ്മേറ്റായി വിരമിക്കുന്നത്.റെയില്‍വേയില്‍ പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ട്രാക്ക്മാന്‍ പോസ്റ്റില്‍ ആദ്യമായി നിയമിതയായ വനിതയാണ് രമണി. ഇന്ത്യയിലെ ആദ്യ ട്രാക്ക് വുമണ്‍ എന്ന പേരോടെയാണ് വിരമിക്കുന്നത്. അക്കാലത്ത് ട്രാക്മാന്‍റെ വേഷം ട്രൗസറായിരുന്നു. എന്നാല്‍, ട്രൗസറിട്ട് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് അറിയിച്ച രമണിക്ക് സാരി യൂണിഫോമായി അനുവദിച്ചു.ട്രെയിന്‍ യാത്രക്കിടെ ഇളകിപ്പോകുന്ന ട്രാക്കിലെ നട്ടുകള്‍ സ്ഥാനത്ത് ഉറപ്പിക്കുന്നതും വിള്ളല്‍ കണ്ടെത്തിയാല്‍ ട്രെയിന്‍ നിര്‍ത്താന്‍ സിഗ്നല്‍ നല്‍കേണ്ടതും ട്രാക്ക്മാനാണ്.19ാം വയസില്‍ താത്ക്കാലികമായി ജോലിയില്‍ പ്രവേശിച്ച രമണിക്ക് ആദ്യ ജോലി ചെറുവത്തൂരും മറ്റും നിര്‍ത്തിയിടുന്ന ട്രെയിനിന്‍റെ പരിപാലനമായിരുന്നു. പിന്നിട് ട്രാക്ക്മാനായി സ്ഥിരപ്പെടുകയായിരുന്നു. ഭാരിച്ച ജോലി കൃത്യതയോടെ പൂര്‍ത്തിയാക്കിയാണ് ഇവർ വിരമിക്കുന്നത്.ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് മാച്ചിപ്പുറത്തെ സഹോദരിയുടെ മകള്‍ക്കൊപ്പമാണ് അവിവാഹിതയായ രമണി താമസിക്കുന്നത്. 31ന് പയ്യന്നൂര്‍ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ ട്രാക്ക് വുമണ്‍ പാളങ്ങളോട് വിടപറയും.