ലഖ്നൗ: വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അധ്യാപിക. കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യമെന്നും തെറ്റ് പറ്റി പോയെന്നും അധ്യാപികയായ തൃപ്ത ത്യാഗി പറഞ്ഞു. കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഭവത്തെ വര്‍ഗീയവത്കരിക്കരുതെന്നും അധ്യാപിക അപേക്ഷിച്ചു.
എനിക്ക് ലജ്ജയില്ലെന്നും അധ്യാപികയെന്ന നിലയില്‍ ഈ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ കൂടെയുണ്ടെന്നും അവര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതും വിവാദമായതോടെയാണ് മാപ്പ് പറഞ്ഞ് അവര്‍ രംഗത്തെത്തിയത്. അതേസമയം, സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളാണ് അടച്ചുപൂട്ടിയത്. സഹപാഠികളോട് ഏഴ് വയസുള്ള മുസ്ലീം വിദ്യാര്‍ഥിയെ തല്ലാന്‍ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതോടെ അധ്യാപികയിക്കെതിരെ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് അധ്യാപികക്കെതിരെ കേസുമെടുത്തു. എന്നാല്‍, ഇതൊരു ചെറിയ പ്രശ്‌നമാണെന്നായിരുന്നു അധ്യാപികയുടെ ആദ്യ നിലപാട്. ഇതിനിടെ ഒരു മണിക്കൂര്‍ നേരം മര്‍ദ്ദനമേറ്റെന്നുള്ള കുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു. അഞ്ചിന്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മര്‍ദ്ദനമെന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നുണ്ട്.