ബംഗളൂരു : സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള അടിയന്തിര സുരക്ഷാ സ്വിച്ച് എല്ലാ ബസ്സുകളിലും സ്ഥാപിക്കാനൊരുങ്ങി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ.സംസ്ഥാനത്തെ എണ്ണായിരത്തോളം ബസ്സുകളിലാണ് അടിയന്തിര സഹായത്തിന് ജി.പി.എസ് വഴി ബന്ധപ്പെടാവുന്ന ബട്ടൻ സ്ഥാപിക്കുക.30.74 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന തരത്തിലാണ്. പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എല്ലാ ബസ്സുകളിലും സ്വിച്ച് സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. ചിലവിൻ്റെ മൂന്നിൽ രണ്ട് ശതമാനം കേന്ദ്രഫണ്ടിൽ നിന്ന് കണ്ടെത്തും.ശേഷിക്കുന്ന തുക സംസ്ഥാന വിഹിതമായിരിക്കും. ബംഗളൂരുവിൽ ആയിരിക്കും കൺട്രോൾ റൂം പ്രവർത്തിക്കുക. മോശമായ പ്രവർത്തി ബസ്സിൽ ഉണ്ടായാൽ ബട്ടൻ പ്രസ്സ് ചെയ്യാം, ഉടനെ ഇക്കാര്യം കൺട്രോൾ റൂമിൽ അറിയുകയും അവിടെ നിന്ന് ബസ്സിലെ ജീവനക്കാരുമായി ബന്ധപ്പെടും. കൂടാതെ ബസ്സ് ലൊക്കേഷൻ ട്രാക്ക് ചെയ്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്യും. അടുത്തിടെ ചേർന്ന കർണാടക ആർ.ടി. സി മാനേജ്മെൻ്റിൻ്റെ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരമായത്. ബസ്സുകളിൽ സ്ത്രീകൾക്ക് നേരെ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ പദ്ധതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
