ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകനുമായി ഫോണില്‍ സംസാരിച്ചതിന് പെണ്‍കുട്ടിയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. പെണ്‍ കുട്ടിയുടെ പിതാവും സഹോദരങ്ങളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ഗാസിയാബാദ് കുസംബി ജില്ലയിലെ സാറായി അകില്‍ ഗ്രാമത്തിലാണ് സംഭവം. കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് 17 കാരിയെ കോടാലി ഉപയോഗിച്ച് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. അയല്‍വാസികള്‍ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ അച്ഛനെയും രണ്ട് സഹോദരങ്ങളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.