മലപ്പുറം: മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ ഹാജരായപ്പോഴാണ് നാടകീയമായ അറസ്റ്റ്. ബി.എസ്.എൻ.എൽ ബിൽ വ്യാജമായി തയ്യാറാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹൈക്കോടതി നിർദേശാനുസരണമായിരുന്നു ഷാജൻ സ്കറിയ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. നേരത്തെ അറസ്റ്റ് ചെയ്യുന്നതിന് 10 ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തൃക്കാക്കരയിലെ കേസിൽ ഷാജൻ സ്കറിയയുെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്‍റെ തിരക്കിട്ട നീക്കം. നേരത്തെ നിലമ്പൂർ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ നിലമ്പൂർ പൊലീസ് കേസ്സെടുത്തത്.ഈ കേസിൽ ഷാജന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പി.വി അൻവർ എം.എൽ.എക്കെതിരെ നിരന്തര വാർത്തകൾ ചെയ്തതിന് പിന്നാലെ അൻവർ ഷാജനെതിരെ സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി പോസ്റ്റുകളുമായി എത്തിയിരുന്നു.ഭരകൂട ഭീകരതയാണ് സംസ്ഥാനത്തുള്ളതെന്ന് ഷാജൻ സ്കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു.