നാടിനെ കണ്ണീരിലാഴ്ത്തി ജീപ്പ് അപകടം; 9 പേർക്ക് നാടിന്‍റെ അന്ത്യാഞ്ജലി ; ഓണാഘോഷ പരിപാടികൾ റദ്ദാക്കി

മാനന്തവാടി : വയനാട് മാനന്തവാടി കണ്ണോത്ത്മല ജീപ്പ് ദുരന്തത്തിൽ മരിച്ചവർക്ക്  നാടിന്‍റെ അശ്രുപൂജ. മരിച്ച 9 സ്ത്രീകളുടെയും പോസ്റ്റ് മോർട്ടം ഇന്ന് ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികൾ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദർശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ നേരിട്ട് എത്തിയാണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ച് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിശദാന്വേഷണവും ഇന്ന് തുടങ്ങും. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ജീപ്പ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തലപ്പുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ച് ഹർത്താൽ ആചരിക്കുകയാണ്. മാനന്തവാടി താലൂക്കിൽ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയാണ് ജീപ്പ്  അപകടമുണ്ടായത്. തലപ്പുഴക്കടുത്ത തവിഞ്ഞാൽ കണ്ണോത്ത്മലയിൽ. തേയില തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.14 പേരായിരുന്നു അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പാറക്കൂട്ടത്തിൽ ഇടിച്ചാണ് നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page