എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും എതിരായ സി.എം.ആർ.എൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.കെ.എം ആർ.എല്ലിന് വഴിവിട്ട് സഹായം നൽകിയെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകൾ ഒന്നും ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. പണം വാങ്ങിയെന്നത് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ മാത്രമാണ്. കണ്ടെത്തലിന് അപ്പുറം നടപടി ഒന്നും എടുക്കാൻ ആദായ നികുതി വകുപ്പിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ ആകില്ലെന്നായിരുന്നു ഹർജി തള്ളികൊണ്ട് വിജിലൻസ് കോടതി വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്ക് പുറമെ മുൻ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരടക്കം 12 പേർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ആയിരുന്നു ഹർജി നൽകിയത്. വിജിലൻസ് കോടതി അന്വേഷണാവശ്യം തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ അറിയിച്ചു.