വിക്രം ലാൻഡറിൽ നിന്നും വേർപ്പെട്ട റോവര്‍ ജോലി  തുടങ്ങി; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐ എസ് ആര്‍ ഒ ; ചന്ദ്രയാൻ വിജയത്തിന്‍റെ ആവേശത്തിൽ രാജ്യം

തിരുവനന്തപുരം: ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിംഗ് നടത്തി മണിക്കൂറുകൾക്കകം ജോലി തുടങ്ങി  വിക്രം ലാൻഡിലെ  റോവര്‍ ‘പ്രഗ്യാൻ’. പ്രധാന പേടകമായ വിക്രം ലാൻഡറിൽ  നിന്ന് പുറത്തിറങ്ങിയ റോവർ  ചന്ദ്രോപരിതലത്തില്‍  അശോകസ്തംഭ മുദ്ര പതിപ്പിച്ചാണ് ദൗത്യത്തിന് തുടക്കമിട്ടത്. രാത്രി 9 മണിയോടെയാണ് പേടകത്തിന്റെ വാതില്‍ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികള്‍ തുടങ്ങിയത്. റോവറിലെ സോളാർ പാനൽ വിടർന്നു. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ സഞ്ചരിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും. റോവർ പുറത്തിറങ്ങുന്നതിന് മുൻപുള്ള കൂടുതൽ തെളിമയാർന്ന ചിത്രങ്ങളും ചന്ദ്രയാൻ അയച്ചു തുടങ്ങി. ഈ ചിത്രങ്ങൾ ഐഎസ്ആർഒ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പ്രഗ്യാൻ വിജയകരമായി പുറത്തിറക്കിയതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഐഎസ്ആർഒ ടീം അംഗങ്ങളെ അഭിനന്ദനങ്ങൾ അറിയിച്ചു. ചന്ദ്രയാന്‍റെ   ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയായതിന്‍റെ ആഘോഷത്തിലാണ് രാജ്യം.

പടുകൂറ്റന്‍ ഗര്‍ത്തങ്ങളായ മാന്‍സിനസ് സി, സിം പെലിയസ് എന്നിവയ്ക്കിടയിലുള്ള സമതലത്തിലാണ് ലാന്‍ഡര്‍ സുരക്ഷിതമായി ഇറങ്ങിയത്. വലിയതോതില്‍ പൊടിപടലം ഉയര്‍ന്നതുകൊണ്ട് ലാന്‍ഡറില്‍നിന്ന് രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് റോവര്‍ പുറത്തിറങ്ങിയത്. സോഫ്റ്റ് ലാന്‍ഡ് ചെയ്തതിനുശേഷം ബംഗളൂരുവിലെ മിഷന്‍ ഓപറേഷന്‍ സെന്‍ററുമായി ചാന്ദ്രയാന്‍ 3 പൂര്‍ണ ആശയവിനിമയം ആരംഭിച്ചിരുന്നു. ചാന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്റര്‍ വഴിയാണ് ആശയവിനിമയം നടത്തുന്നത്. പേടകം സ്വയംനിയന്ത്രിത സംവിധാനം വഴി ഇറങ്ങുന്നതിനിടെ പകര്‍ത്തിയ ചാന്ദ്രദൃശ്യങ്ങളും ലാന്‍ഡര്‍ അയച്ചു. ലാന്‍ഡിംഗ് സൈറ്റിന്റെ ഒരു ഭാഗം, ലാന്‍ഡറിന്റെ മെറ്റല്‍ ലെഗ്, അതിന്റെ നിഴല്‍ എന്നിവയാണ് ചിത്രത്തിലടങ്ങിയിരിക്കുന്നത്. ലാന്‍ഡറിന് നേരിട്ടും സന്ദേശങ്ങള്‍ അയക്കാനാകും. ‘ഇന്ത്യ, ഞാന്‍ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. നീയും’ എന്നുള്ള ചാന്ദ്രയാന്‍ മൂന്നിന്റെ സന്ദേശവും ഐഎസ്ആര്‍ഒ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page