കാസർകോട്: വീടിന് സമീപം സ്കൂൾ ബസ്സിൽ വന്നിറങ്ങിയ വിദ്യാർത്ഥിനി അതേ ബസ്സിടിച്ചു മരിച്ചു. കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്‍റെ മകൾ ആയിഷ സോയ(4) ആണ് മരിച്ചത്. നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്സറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. സ്കൂൾ ബസ്സ് വീടിന് സമീപം വിദ്യാർത്ഥിനിയെ ഇറക്കിയ ശേഷം തിരിക്കാനായി പുറകോട്ട് എടുക്കുമ്പോൾ ആണ് കുട്ടിയെ ഇടിച്ചത്. സമീപത്തെ വ്യവസായ യൂണിറ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് അപകടം കണ്ട് ഓടിയെത്തിയത്. കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.