തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാഴ്ത്തി ഇഡിയുടെ കണ്ടെത്തൽ. തട്ടിപ്പിന് നേതൃത്വം നൽകിയത് സിപിഎം സംസ്ഥാന സമിതി അംഗവും സഹകരണ മന്ത്രിയുമായിരുന്ന എ സി മൊയ്തീനാണെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു. കോടികളുടെ ബെനാമി ഇടപാടാണ് ബാങ്ക് കേന്ദ്രീകരിച്ച് നടന്നത്. 180 കോടിയോളം രൂപയാണ് ബെനാമികൾക്ക് ബാങ്ക് വായ്പയായി അനുവദിച്ചത്. ഇതെല്ലാം മന്ത്രിയുടെ നിർദേശാനുസരണം നൽകിയ വായ്പയാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലെ അംഗങ്ങൾ അല്ലാത്തവർക്കും വായ്പ നൽകാൻ മന്ത്രി നിർദേശം നൽകി. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെയായി 15 കോടിയുടെ 36 സ്വത്ത് വകകൾ കണ്ടുകെട്ടിയെന്നും ഇഡി അറിയിക്കുന്നു.എ.സി മൊയ്തീന്‍റെയും ഭാര്യയുടെയും പേരിലുണ്ടായിരുന്ന 28 ലക്ഷം രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു.ബാങ്കിൽ വായ്പക്ക് കൊടുത്ത പാവപ്പെട്ടവരുടെ ഭൂമിയുടെ രേഖകൾ അവർ അറിയാതെ മറിച്ചു പണയപ്പെടുത്തിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്തീനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇഡി അറിയിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു എ സി മൊയ്തീന്‍റെ വീട്ടിൽ ഇഡിയുടെ പരിശോധന നടന്നത്