ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 മുത്തമിടാന്‍ മണിക്കൂറുകള്‍ മാത്രം. ‘വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ബുധനാഴ്ച വൈകീട്ട് 5.45-ന് ആരംഭിക്കും. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുക. ചന്ദ്രോപരിതലത്തില്‍ നിന്നും 30 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ത്തന്നെ ഒന്നാം ഘട്ടമായി പേടകത്തിന്റെ വേഗത കുറയ്ക്കാന്‍ തുടങ്ങും. അവിടെവച്ചാണ് പവേഡ് ബ്രേക്കിങ് ആരംഭിക്കുന്നത്. അത്രനേരം 90 ഡിഗ്രിയില്‍ തിരശ്ചീനമായി അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ പാകത്തില്‍ ലംബമായ രീതിയിലേക്കു മാറ്റുകയെന്നാണ് വെല്ലുവിളി. ലാന്‍ഡിങ്ങിനുശേഷം ശേഷം ലാന്‍ഡര്‍ ബെല്ലിയില്‍ നിന്നും റോവര്‍ പുറത്തേക്കിറങ്ങും. എന്നാല്‍ ലാന്‍ഡര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ ഐഎസ്ആര്‍ഒ ഉറപ്പ് പറയുന്നില്ല. വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ. ഒപ്പം, ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമാകും. ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യ ചരിത്രം കുറിക്കുമോ എന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങള്‍. ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം പരാജയപ്പെട്ടെങ്കിലും നാല് വര്‍ഷത്തിനുശേഷം വീണ്ടും കൂടുതല്‍ കൃത്യതയോടെ വിക്ഷേപണം നടത്തുകയാണ് ഐഎസ്ആര്‍ഒ. അതേസമയം ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ലാന്‍ഡിങ്ങിനായി പ്രത്യേക പ്രാര്‍ഥനയുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍. മധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ ‘ഭസ്മ ആരതി’ എന്ന പ്രത്യേക ചടങ്ങ് നടന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിലെ പരമാര്‍ഥ് നികേതന്‍ ഘട്ടില്‍ ആളുകള്‍ ‘ഗംഗാ ആരതി’ നടത്തി. ഇതിനുശേഷം ‘ഹവന്‍ പൂജ’ എന്ന പ്രത്യേക ആരതി’ നടത്തി. ഇതിനുശേഷം ‘ഹവന്‍ പൂജ’ എന്ന പ്രത്യേക ആരാധനയും നടത്തി. ഭുവനേശ്വര്‍, വാരണാസി, പ്രയാഗ്രാജ് തുടങ്ങിയ സ്ഥലങ്ങളിലും ഹവന്‍ പൂജ നടന്നു. ഉത്തര്‍പ്രദേശിലെ അലിഗഞ്ചിലെ ഹനുമാന്‍ ക്ഷേത്രത്തിലും ആളുകള്‍ പ്രത്യേക ആരതി നടത്തി. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ മുസ്ലിംകള്‍ നമസ്‌കാരം നടത്തി. വിജയകരമായ ലാന്‍ഡിങ്ങിനായി യുഎസിലും ലണ്ടനിലും ഇന്ത്യക്കാര്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.