കാസര്‍കോട്: മണ്ണിടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നക്ഷത്രബാറിന്റെ മുറ്റത്ത് യുവാവിന് ക്രൂരമര്‍ദ്ദനം. പെരിയ സ്വദേശി കെ. മഹേഷ് (23) ആണ് അക്രമത്തിനിരയായത്. ദേശീയപാതയോരത്ത് ചെറുവത്തൂരിലെ ബാറിന്റെ മുറ്റത്ത് ഞായറാഴ്ച വൈകീട്ടാണ് അക്രമം നടന്നത്. നാലുപേര്‍ ചേര്‍ന്ന് യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ബോധരഹിതനായി കിടന്ന യുവാവിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹേഷിന്റെ പരാതിയില്‍ രാജേഷ്, വിനീഷ്, എന്നിവരെ കൂടാതെ കണ്ടാലറിയുന്ന മറ്റു രണ്ടാള്‍ക്കെതിരെയും ചന്തേര പോലീസ് കേസെടുത്തു.
