കാഞ്ഞങ്ങാട്: ട്രെയിനിനു നേരെ വിവിധ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി കല്ലേറ് തുടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി പോലീസ് രംഗത്ത്. ചൊവ്വാഴ്ച രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയില്‍ റെയില്‍വേ ട്രാക്കിന്നു സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട അമ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. കാഞ്ഞങ്ങാട് കല്ലേറുണ്ടായ സ്ഥലം ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച രണ്ടിടങ്ങളിലാണ് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. കാഞ്ഞങ്ങാട്ട് രാജധാനി എക്സ്പ്രസിനും താനൂരില്‍ വന്ദേഭാരതിനും നേരെയാണ് കല്ലേറുണ്ടായത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ.ഷേഖ് ധര്‍വേഷ് സാഹിബ് നിര്‍ദ്ദേശം നല്‍കി. 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം ആണ് ഹോസ്ദുര്‍ഗ് പോലീസ് കേസ് എടുത്തിരിക്കുന്നത്. റെയില്‍വേ ട്രാക്കു കേന്ദ്രികരിച്ച് രഹസ്യ നിരീക്ഷണം നടത്താന്‍ ആളുകളെയും സിസിടിവി ക്യാമറയും സ്ഥാപിച്ചുകഴിഞ്ഞു. റെയില്‍വേ ട്രാക്കിന് സമീപം ഉള്ള വീടുകളില്‍ കേന്ദ്രീകരിച്ചു പോലീസ് ഉദ്യോഗസ്ഥര്‍ രഹസ്യ നിരീക്ഷണം നടത്തും. ട്രെയിനുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു നിരീക്ഷണം ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് ഡി.വൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. പാലക്കാട് റെയില്‍വെ ഡിവിഷനു കീഴില്‍ 20 മാസത്തിനിടയില്‍ 60 ട്രെയിനുകള്‍ക്കു നേരെ കല്ലേറുണ്ടായെന്നാണ് കണക്ക്.