കാസർകോട് : നാട്ടുകാരെയും ഫയർ ഫോഴ്സിനെയും മണിക്കൂറോളം ആശങ്കയുടെ മുൾമുനയിൽ നിർത്തി പെട്രോൾ ദേഹത്തൊഴിച്ച് യുവതിയുടെ ആത്മഹത്യാശ്രമം. ഫയർ ഫോഴ്സ് തന്ത്രപൂർവം ഇടപെട്ടതോടെ യുവതിയെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ തൃക്കരിപ്പൂർ കൊയോങ്കര മൃഗാശുപത്രിക്ക് സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് മുറിയിൽ കയറി കതകടച്ച് ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. പെട്രോളിന്റെ മണം പരിസരത്ത് പരന്നതോടെ സമീപത്തെ കടക്കാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് അഭ്യർത്ഥിച്ചിട്ടും വാതിൽ തുറക്കാൻ യുവതി തയ്യാറായില്ല. ഇതേ തുടർന്ന് ഫയർ ഫോഴ്സിനെ വിളിച്ചു വരുത്തി. അപ്പോഴേക്കും യുവതി തീപ്പട്ടി ഉരച്ച് തീ കൊളുത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഫയർ ഫോഴ്സ് ജീവനക്കാർ തന്ത്രപൂർവ്വം ഇടപെട്ട് വെള്ളം ചീറ്റിയതോടെ തീപ്പെട്ടിയും വെള്ളത്തിൽ കുതിർന്നു. എന്നിട്ടും ആത്മഹത്യാ ഭീഷണി മുഴക്കിയ 36 കാരിയെ വാതിൽ തള്ളിത്തുറന്ന് കീഴ്പ്പെടുത്തി. ചിറ്റാരിക്കൽ സ്വദേശിയായ യുവതിക്ക് മാനസീക അസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. ഒടുവിൽ പോലീസ് പിതാവിന്റെ കൂടെ യുവതിയെ വിട്ടയച്ചു. വർഷങ്ങളായി ഇവർ വാടക ക്വാട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. സംഭവം അറിയാൻ മിനുട്ടുകൾ വൈകിയിരുന്നെങ്കിൽ ക്വാർട്ടേഴ്സ് മുഴുവൻ കത്തുമായിരുന്നുവെന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.