ലണ്ടന്‍: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ, സീരിയല്‍ കൊലയാളിയായ ലൂസി ലെറ്റ്ബി എന്ന ബ്രിട്ടിഷ് നഴ്‌സ് കൂടുതല്‍ കുട്ടികളെ അപായപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ്. ലൂസി ജോലി ചെയ്തിരുന്ന ചെസ്റ്റര്‍ ആശുപത്രിയില്‍ മുപ്പതോളം കുട്ടികള്‍ സംശയപരമായ അരോഗ്യ സാഹചര്യത്തില്‍ ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ഇവര്‍ ലിവര്‍പൂള്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ 4000 കുട്ടികള്‍ ജനിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്നും ലൂസി ജോലി ചെയ്തിരുന്ന കാലയളവിലെ ഇരു ആശുപത്രികളിലും മരിച്ച കുട്ടികളുടെ എണ്ണവും മരണ കാരണവും വിശദമായി അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ പാല്‍ നല്‍കിയോ ഇന്‍സുലിന്‍ കുത്തിവച്ചോ നവജാത ശിശുക്കളെ കൊല്ലുന്നതായിരുന്നു ലൂസിയുടെ രീതി. ഇങ്ങനെ ഇവര്‍ കൊന്നിട്ടുള്ളത് രണ്ട് പെണ്‍കുഞ്ഞുങ്ങളെയും അഞ്ച് ആണ്‍ കുഞ്ഞുങ്ങളെയുമാണ്. 22 ദിവസത്തെ വിചാരണക്കൊടുവിലാണ് മാഞ്ചസ്റ്റര്‍ കോടതി യുവതി കൂറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. അതിസമര്‍ഥമായി യാതൊരുവിധത്തിലുമുള്ള തെളിവുകളും അവശേഷിപ്പിക്കാതെയാണ് ലൂസി കൊലപാതകങ്ങള്‍ നടത്തിയതെന്ന് കോടതി വിലയിരുത്തുകയും ചെയ്തു.
