മയാമി : നാഷ്‌വില്ലില്‍ നടന്ന ലീഗ് കപ്പ് ഫൈനലില്‍ ഇന്റര്‍ മയാമിക്ക് ചരിത്ര വിജയം. പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് മെസ്സിയും സംഘവും നാഷ്‌വില്ലിനെ മറികടന്ന് വിജയ കിരീടം സ്വന്തമാക്കിയത്. മുഴുവന്‍ സമയം കഴിഞ്ഞപ്പോഴും 1-1 സമനിലയില്‍ തുടര്‍ന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസി ആദ്യ ഗോള്‍ നേടുകയും ഇന്റര്‍ മയാമി മുമ്പിലെത്തുകയും ചെയ്തു. നാഷ്വിലിന് വേണ്ടി രണ്ടാം പകുതി ആരംഭിച്ച് 57ാം മിനിട്ടില്‍ ഫാഫേ പികൗള്‍ട്ട് തിരിച്ചടിച്ചു. പിന്നീട് ഇരു ടീമുകളും ലീഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കും നീങ്ങിയത്. തുടരെ പതിനൊന്ന് മത്സരങ്ങളില്‍ ജയമില്ലാതെ പതറിയ ടീം മെസി വന്നതിന് ശേഷമുള്ള ഏഴ് കളിയിലും ജയിച്ചു. ഏഴ് കളിയില്‍ പത്ത് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മെസി തന്നെ.
