കാസർകോട് : ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിനു മുകളില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് വീണു മരിച്ച നിലയില്‍. രാജസ്ഥാന്‍ ചോടഗാവ് സ്വദേശിയും സീതാംഗോളിയിലെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ കേംരാജ് ഗുജ്ജാര്‍ (42)ആണ് മരിച്ചത്. ഇയാളും സഹോദരന്‍ യമരാജും 20 വര്‍ഷത്തോളമായി സീതാംഗോളിയില്‍ താമസിച്ച് മാര്‍ബിള്‍ ജോലി ചെയ്‌തുവരികയായിരുന്നു. ഇവർക്കൊപ്പം മറ്റ് രണ്ട് തൊഴിലാളികളുമുണ്ട്. നാലു പേരും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചശേഷം മുറിയിൽ ചൂട് സഹിക്കാന്‍ കഴിയാത്തതുകാരണം ടെറസിലാണ് എല്ലാവരും ഉറങ്ങി കിടന്നതെന്ന് കൂടെയുള്ളവർ പറഞ്ഞു. രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ കേംരാജിനെ കണ്ടില്ലെന്നും താഴെയിറങ്ങി നോക്കിയപ്പോള്‍ വീണു മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്നും സഹോദരന്‍ യമരാജ് പൊലീസിനു മൊഴി നല്‍കി. കുമ്പള പൊലീസ് കേസെടുത്ത് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി.