നെടുങ്കണ്ടം: നെടുങ്കണ്ടം മാവടിയിൽ ഉറങ്ങികിടന്ന കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ നായാട്ട് സംഘം അറസ്റ്റിൽ. മാവടിതകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. രാത്രിയിൽ വന്യമൃഗത്തിന് നേരെ നിറയൊഴിച്ചപ്പോൾ വീടിനുള്ളിൽ കിടക്കുകയായിരുന്ന പ്ലാക്കൽ സണ്ണിയുടെ(57) ദേഹത്ത് കൊള്ളുകയായിരുന്നു.ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.വെടിയൊച്ച കേട്ട് അടുത്ത മുറിയിൽ കിടക്കുകയായിരുന്ന ഭാര്യ സിനി വന്ന് നോക്കിയപ്പോൾ രക്തത്തിൽ കുതിർന്ന നിലയിൽ സണ്ണിയെ കാണുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് വെടിയേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞത്.
സണ്ണിയുടെ തലക്കാണ് വെടിയേറ്റിരുന്നത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയതിൽ സണ്ണി ഉറങ്ങിയ മുറിക്ക് അഭിമുഖമായുള്ള അടുക്കള ഭിത്തിയിൽ 5 ഇടങ്ങളിലായി വെടിയുണ്ട പതിച്ചെന്ന് കണ്ടെത്തി.സമീപത്തെ ഏലത്തോട്ടത്തിലെ തിട്ടയിലും വെടിയേറ്റ പാടുകൾ കണ്ടെത്തി. നാടൻ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്ന് മനസിലാക്കിയതോടെ പ്രദേശത്തെ നായാട്ടു സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. കൂരമാൻ എന്ന ജീവിയെ വെടിവെച്ചതാണെന്നും വെടി വീട്ടിൽ കൊണ്ടെന്ന് മനസിലായതോടെ സംഘത്ത് നിന്ന് പോയെന്നും പ്രതികൾ മൊഴി നൽകി. മത്സ്യകൃഷിക്ക് വേണ്ടി തയ്യാറാക്കിയ താത്കാലിക കുളത്തിൽ തോക്ക് ഉപേക്ഷിച്ചാണ് പ്രതികൾ പോയത്. കർഷകന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ 50 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു