പാലക്കാട്: കൊടൈക്കനാലില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളുമായി എത്തിയ കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി പ്രസൂണ്‍ (30) എന്ന യുവാവില്‍ നിന്ന് 29 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടി. കൊടൈക്കനാലില്‍ റിസോര്‍ട്ട് ജീവനക്കാരനായ ഇയാള്‍ കൂട്ടുകാര്‍ക്കിടയില്‍ വില്‍പ്പന നടത്തുവാന്‍ വേണ്ടിയാണ് ലഹരി കടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ അറിഞ്ഞത്.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി പുറത്തേക്ക് പോകുന്നതിനായി പ്ലാറ്റ്‌ഫോം വഴി വരുമ്പോഴാണ് സംശയാസ്പദമായി കാണപ്പെട്ട യുവാവിന്റെ ബാഗുകള്‍ പരിശോധിച്ചത്. പിടികൂടിയ എല്‍എസ്ഡി സ്റ്റാമ്പുകള്‍ക്ക് വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരും. ആര്‍.പി.എഫും ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ഓണത്തിനോടനുബന്ധിച്ച് ട്രെയിന്‍ മാര്‍ഗം ലഹരി കടത്തിനെതിരെയുള്ള പരിശോധനകള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് ആപിഎഫ് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
ആര്‍പിഎഫ് ക്രൈം ഇന്‍സ്പെക്ടര്‍ എന്‍.കേശവദാസ്, എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍, ആര്‍പിഎഫ് എസ്‌ഐ ദീപക്.എ.പി, എഎസ്‌ഐമാരായ സജു.കെ, എസ്.എം.രവി, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍.അശോക്, എക്‌സ്സൈസ് പ്രൈവന്റീവ് ഓഫീസര്‍ മാരായ കെ.രാജേഷ്, മുഹമ്മദ് റിയാസ്, ടിഎസ്.സുമേഷ്, സിഇഒമാരായ ശ്രീകുമാര്‍ വാക്കട, അബ്ദുള്‍ ബഷീര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മാരക ലഹരി വസ്തുക്കള്‍ പിടികൂടിയത്.