മംഗളൂരു: കാസർകോട്ടെ ആശുപത്രിയിൽ നിന്നുള്ള മാലിന്യം കർണാടകയിലെ പാതയോരത്ത് കൊണ്ട് പോയി തള്ളിയ സംഭവത്തിൽ വാഹനവും ഡ്രൈവറേയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.കാഞ്ഞങ്ങാട് – കല്ലട പാതയോരത്ത് ഉക്കാടത്തെ ഒഴിഞ്ഞ പറമ്പിലാണ് ലോറിയിൽ ആശുപത്രി മാലിന്യം കൊണ്ട് പോയി തള്ളിയത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെല്ലട്ക്ക അമേയ റോഡിലുള്ള കേപ്പുവിൽ ആശുപത്രി മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടതിന് തുടർന്ന് നാട്ടുകാർ വിട്ട്വാൾ പൊലീസിൽ വിവരം അറിയിച്ചിരുന്നു. ഇതേ വാഹനം തന്നെയാണ് അന്നും മാലിന്യം തള്ളിയതെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് വാഹനം പിടികൂടിയത്. ചോദ്യം ചെയ്യലിൽ മുൻപും പലയിടത്തും മാലിന്യം തള്ളിയെന്ന് ഡ്രൈവർ സമ്മതിച്ചു.ഡ്രൈവർക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.