കാസര്‍കോട്: പന്ത്രണ്ടുകാരിയെ മൂന്നു വര്‍ഷക്കാലം തുടർച്ചയായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 97 വർഷം ശിക്ഷ വിധിച്ച് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മഞ്ചേശ്വരം കുഞ്ചത്തൂര്‍, ഉദ്യാവാറിലെ സയ്യിദ് മുഹമ്മദ് ബഷീറി (41)നെയാണ് അഡീഷണൽ ജില്ലാ സെഷൻസ് ഒന്നാം കോടതി ജഡ്‌ജി എ.മനോജ് ശിക്ഷിച്ചത്. 8.30 ലക്ഷം പിഴ അടക്കാനും കോടതി വിധിച്ചു. വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ സമയത്താണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പിതാവ് ഉപേക്ഷിച്ച കുട്ടിയെ പഠിക്കാനും സഹായിക്കാനും എന്ന വ്യാജേനയാണ് കുടുംബവുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്.
2013 ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയും 2014 ജൂലായ് മുതല്‍ ജൂണ്‍ വരെയുമുള്ള വിവിധ ദിവസങ്ങളിലും 2016മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുമുള്ള കാലത്ത് പീഡിപ്പിച്ചുവെന്നാണ് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ്. ലൈംഗിക അതിക്രമത്തെ തുടർന്ന് പെണ്‍കുട്ടി മാനസിക സംഘര്‍ഷം അനുഭവിക്കുകയും ചികിത്സ തേടുകയും ചെയ്‌തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. മഞ്ചേശ്വരം പൊലീസ് എസ്.ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രാഥമിക വിവരറിപ്പോര്‍ട്ട് തയ്യാറാക്കി. തുടര്‍ന്ന് കേസ് അന്വേഷണം നടത്തി കുറ്റപ്പത്രം സമര്‍പ്പിച്ചത് ഇപ്പോഴത്തെ കുമ്പള പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ആയ ഇ.അനൂപ് കുമാറാണ്. അന്വേഷണ സമയത്ത് പൊലീസിനു മുന്നിലും കോടതിയിലും പീഡന വിവരങ്ങള്‍ പെണ്‍കുട്ടി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ കുട്ടി മൊഴി മാറ്റിയെങ്കിലും മറ്റു തെളിവുകളും രേഖകളും പ്രതിക്ക് എതിരായതോടെയാണ് കോടതി പ്രതി കുറ്റക്കാരനാണെന്നു വിധിച്ചത്.
ലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധപീഡനം, പോക്‌സോ നിയമപ്രകാരം സംരക്ഷണം നല്‍കേണ്ട ആള്‍ തന്നെ പീഡിപ്പിക്കൽ, 12 വയസാകുന്നതിനു മുമ്പുള്ള പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ (പോക്‌സോ) പ്രകാശ് അമ്മണ്ണായ ഹാജരായി.