കാസർകോട്: കാസർകോട് ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇരുപത്തിനാല് പേര്‍ എലിവിഷം കഴിച്ച് മരിച്ചുവെന്ന് പോലീസ് റിപ്പോർട്ട്. ജില്ലയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഗ്രോസറി ഷോപ്പുകൾ ഉൾപ്പെടെയുള്ള കടകളിലും എലിവിഷം യഥേഷ്ടം ലഭ്യമാകുന്നതിനാല്‍ ആത്മഹത്യ ചെയ്യാൻ കൂടുതലായി എലിവിഷം ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത് . നിസ്സാര പ്രശ്‌നങ്ങള്‍ക്ക് കുട്ടികള്‍ വരെ എലിവിഷം വാങ്ങി കഴിച്ച് ആത്മഹത്യ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടലുണ്ടായത്. ഇത്തരം കീടനാശിനികള്‍ വിതരണം ചെയ്യുന്ന അവസരത്തില്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
രാജ്യത്ത് എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ പേർ തമിഴ് നാട്ടിലാണ്. തമിഴ്നാട്ടിൽ എലിവിഷം വാങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ വിൽപ്പനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. എലിവിഷം അകത്തു ചെന്നാൽ ആദ്യം കരളിനെയാണ് ബാധിക്കുന്നത് രണ്ടുദിവസത്തിനുള്ളിൽ ആൾ മരണപ്പെടും.ഭക്ഷണം പോലെ വായിലൂടെ എത്തി ദഹനവ്യവസ്ഥയിലൂടെ രക്തത്തിൽ കലരും. ശ്വസനവ്യവസ്ഥയിലൂടെയും ശരീരത്തിലേക്ക് എത്താം. തൊലിപ്പുറത്ത് കൂടെയും വിഷം ശരീരത്തിൽ ദോഷകരമായി ബാധിക്കും. എത്ര അളവ് ശരീരത്തിൽ ചെന്നു എന്നതിനെ ആശ്രയിച്ചാണ് അപകടമുണ്ടാകുന്നത്. ചുമ, തലവേദന, തലയ്ക്ക് മന്ദിപ്പ് അനുഭവപ്പെടുക, ഛർദ്ദി, ക്ഷീണം, ഓക്കാനം, വയറുവേദന, വയറിളക്കം, മൂക്കിൽനിന്ന് രക്തം വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ