നാലു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു; പരശുറാം എക്സ്പ്രസിന് ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

കാസർകോട് : 45 വർഷം നീണ്ട മുറവിളിക്ക് ശേഷം പരശുരാം എക്സ്പ്രസിന് ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടർ (കോച്ചിംഗ് )വിവേക് കുമാർ കുമാർ സിൻഹയാണ് ഇക്കാര്യം അറിയിച്ചത്. ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതികൾക്കൊടുവിലാണ് ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നത്. കഴിഞ്ഞ ജൂണിൽ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് ചെയർമാൻ പി.കെ. കൃഷ്ണദാസ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തിയപ്പോൾ പരശുരാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. റെയിൽവേയുടെ തുടക്കത്തിൽ എല്ലാ ട്രെയിനുകളും ചെറുവത്തൂരിൽ നിർത്തുമായിരുന്നു. റെയിൽവേയ്ക്ക് വെള്ളം നൽകുന്ന വാട്ടറിങ് സ്റ്റേഷൻ ആയിരുന്നു ചെറുവത്തൂർ. കൽക്കരി വണ്ടിക്ക് പകരം ഡീസൽ വണ്ടികൾ ആയി മാറിയതോടെ ഓരോ ട്രെയിനുകൾക്കും സ്റ്റോപ്പുകൾ ഇല്ലാതായി. മാറിമാറി വരുന്ന ജനപ്രതിനിധികൾ പലതവണ അപേക്ഷിച്ചിട്ടും ചെറുവത്തൂരിന്റെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞിരുന്നില്ല. പടന്ന, വലിയപറമ്പ്, പിലിക്കോട്, കയ്യൂർ-ചീമേനി, കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടപ്പ് തുടങ്ങിയ പഞ്ചായത്തുകളിലെ യാത്രക്കാർ ഉൾപ്പെടെ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെറുവത്തൂർ. വർഷങ്ങൾക്ക് മുൻപ് ചെറുവത്തൂരിലെ ജനത അതിശക്തമായ സമരം നടത്തിയാണ് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് ചെറുവത്തൂരിൽ സ്റ്റോപ്പ് നേടിയെടുത്തത്. മുൻ തൃക്കരിപ്പൂർ എംഎൽഎ കെ.കുഞ്ഞിരാമനടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന സമരം നേരിടാൻ റെയിൽവേക്ക് ഏറെ പാടുപെടേണ്ടി വന്നിരുന്നു. ട്രെയിൻ തടഞ്ഞിട്ട് കൊണ്ടായിരുന്നു അക്കാലത്ത് സ്റ്റോപ്പിന് വേണ്ടി സമരം നടന്നിരുന്നത്. എന്നാൽ കോവിഡ് കാലത്തിനിടയിൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സ്റ്റോപ്പ് നിർത്തിയാണ് റെയിൽവേ ക്രൂരത കാണിച്ചത്. വീണ്ടും അത് പുനസ്ഥാപിക്കും എന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ലക്ഷങ്ങള്‍ കയ്യിലുണ്ടാകുമെന്ന് ആഗ്രഹിച്ച് വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തി; ലഭിച്ചത് 13,000 രൂപ, ജാമ്യത്തിലിറങ്ങിയ പ്രതി രക്ഷപ്പെട്ടത് കോയമ്പത്തൂരിലേക്ക്, എട്ടുവര്‍ഷത്തിന് ശേഷം പ്രതിയെ പിടികൂടിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ
Light
Dark