ബംഗളൂരു: 30 സ്വർണ്ണ ബിസ്കറ്റുകളുമായി മുപ്പത്തഞ്ചുവയസ്സുകാരനായ ചെന്നൈ സ്വദേശി ബംഗളൂരു വിമാനതാവളത്തിലെ ആഭ്യന്തര ടെർമിനലിൽ പിടിയിലായി.കൊൽത്തയിൽ നിന്നും എയർ ഏഷ്യാ വിമാനത്തിലെത്തിയ യുവാവിനെ ആണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് പിടികൂടിയത്. പൂർണ്ണമായും അഭ്യന്തര യാത്രകൾക്കായി മാറ്റിയ ബംഗളൂരു കെമ്പഗൗഡ വിമാനതാവളത്തിലെ രണ്ടാം ടെർമിനൽ തുറന്നതിന് ശേഷമുള്ള ആദ്യത്തെ സ്വർണ്ണവേട്ടയാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടികൂടിയ സ്വർണ്ണം 600 ഗ്രാം ഉണ്ട്. 20 ഗ്രാം വീതമുള്ള ബിസ്കറ്റുകൾ രണ്ട് പായ്ക്കറ്റുകളിലായി മലാശയത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്.പിടികൂടിയ സ്വർണ്ണത്തിന് വിപണി വില 33.50 ലക്ഷം മതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.കൊൽക്കത്തയിലേക്ക് എവിടെ നിന്നാണ് സ്വർണ്ണ ബിസ്കറ്റുകൾ എത്തിച്ചത് എന്നടക്കമുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. മിശ്രിത രൂപത്തിലുള്ള സ്വർണ്ണമാണ് സാധാരണയായി ശരീരത്തിൽ ഒളിപ്പിച്ച് കൂടുതലായി കള്ളകടത്തുകാർ കൊണ്ട് വരാറുള്ളത്.ബിസ്കറ്റുകൾ മലാശയത്തിൽ ഒളിപ്പിച്ച് കൊണ്ട് വരുന്നത് അപൂർവ്വമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.